Showing posts with label കുറുങ്കഥ. Show all posts
Showing posts with label കുറുങ്കഥ. Show all posts

Tuesday, February 19, 2008

മറവി

മറവി ഒരു മാറാരോഗമായിത്തീര്‍ന്നപ്പോഴാണ് അയാള്‍ അതിനുള്ള മരുന്ന് വാങ്ങിയത്.
പിന്നെ നാളുകള്‍ക്കുശേഷം എന്തിനോ വേണ്ടി അലമാര തുറന്നപ്പോഴാണ് ആ മരുന്നിനെക്കുറിച്ചോര്‍ത്തത്.

Sunday, November 11, 2007

വിശേഷം

അന്ന് അവര്‍ കണ്ടുമുട്ടിയപ്പോള്‍ പരസ്പരം ലോഹ്യം ചോദിച്ചു:
“എന്തുണ്ട് വിശേഷം?സുഖം തന്നെയല്ലേ?”
“ദൈവാനുഗ്രഹത്താല്‍.തനിക്കോ?”
“സുഖം തന്നെ.”
ഇന്ന് അവര്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം ചോദിക്കുന്നു:
“എന്തുണ്ട് വിശേഷം?അസുഖം തന്നെയല്ലേ?”
“അതെ.ഒരു മാറ്റവുമില്ല.തനിക്കോ?”
“ഒട്ടും ഭേദമില്ല.”

Friday, November 9, 2007

ചുണ്ടുകള്‍

ആദ്യമായാണ് ഇത്തരമൊരനുഭവം അയാള്‍ക്ക് നേരിടേണ്ടിവന്നത്. ആദ്യം അത് വെറുമൊരു തോന്നല്‍ മാത്രമാണെന്ന് ചിന്തിച്ചു.പക്ഷെ ആ യാഥാര്‍ത്ഥ്യം അയാള്‍ക്കുള്‍ക്കൊള്ളേണ്ടി വന്നു.കഠിനമായ ആത്മനിന്ദയോടെ അങ്ങേയറ്റം ദയനീയമായി അയാള്‍ ആ ദുര്‍വിധി ഏറ്റുവാങ്ങി.

അസഹ്യമായ വിശപ്പ് അനുഭവപ്പെട്ടപ്പോള്‍ അയാള്‍ ഭാര്യയോട് ഭക്ഷണമൊരുക്കാന്‍ ആവശ്യപ്പെട്ടു.ഇംഗിതമറിഞ്ഞു പെരുമാറുന്നതില്‍ വിദഗ്ദ്ധയായ അവള്‍ അയാളുടെ താല്പര്യത്തിനനുസരിച്ച് ഭക്ഷണമേശ ഒരുക്കി അയാളെ ക്ഷണിച്ചു.വിശപ്പിനെ ജ്വലിപ്പിക്കുന്ന മണം ഭക്ഷണമേശയില്‍ പടര്‍ന്നു.എത്ര പ്രകോപനമുണ്ടായാലും ആര്‍ത്തിപിടിച്ച് ഭക്ഷിക്കുന്ന പ്രകൃതമല്ല അയാളുടേത്.അയാള്‍ സമചിത്തതയോടെ എല്ലാം നോക്കിക്കണ്ട് ക്രമേണ ഭക്ഷണത്തില്‍ സ്പര്‍ശിച്ചു.

അപ്പോഴാണ് അതു സംഭവിക്കുന്നത്.എത്ര ശ്രമിച്ചിട്ടും ചുണ്ടുകള്‍ ചലിപ്പിക്കാന്‍ പറ്റുന്നില്ല.വായ തുറക്കുന്നില്ല.അയാള്‍ പരമാവധി ശ്രമിച്ചുനോക്കി.കഴിയുന്നില്ല.വര്‍ദ്ധിച്ച നിരാശയോടെ, അതിലേറെ സങ്കടത്തോടെ,പെരുകിയ ആത്മനിന്ദയോടെ മനസ്സു തകര്‍ന്ന് അയാള്‍ ആദ്യമായി ആഹാരത്തിന്റെ മുമ്പില്‍ അടിയറവു പറഞ്ഞു.നിസ്സഹായനായി കയ്യിലെടുത്ത ആഹാരം പാത്രത്തിലേക്കു തിരിച്ചിട്ടു.

അപ്പോഴും വിശപ്പ് കത്തിക്കാളുകയാണ്.
ഒരു നിമിഷം കൊണ്ട് എന്താണ് തന്റെ ചുണ്ടുകള്‍ക്ക് സംഭവിച്ചത്?

അയാളുടെ ദൈന്യാവസ്ഥ കണ്ട് തികഞ്ഞ പക്വതയോടെ അവള്‍ ആഹാരസാധനങ്ങള്‍ മൂടിവെച്ച് ഭക്ഷണമേശ വെടിപ്പാക്കി.പക്ഷെ അത് അവളുടെ നിമിഷമാണെന്ന്,അവിടം മുതല്‍ അവളുടെ നിമിഷങ്ങള്‍ തുടങ്ങുന്നുവെന്ന് വല്ലാത്ത ഞെട്ടലോടെ അയാള്‍ മനസ്സിലാക്കി.

Monday, November 5, 2007

പേരില്ലാത്ത ഒരു സ്തീ

സന്ധ്യ കഴിഞ്ഞു.അണ്ണാച്ചിയുടെ പച്ചക്കറിക്കടയുടെ പരിസരത്തു വലിച്ചെറിയപ്പെട്ടു കിടക്കുന്ന കാബേജിന്റെയും ഉരുളക്കിഴങ്ങിന്റെയും സവാളയുടെയും കാരറ്റിന്റെയും ഒക്കെ ചീഞ്ഞ കഷണങ്ങള്‍ പെറുക്കിയെടുക്കുകയായിരുന്നു അവര്‍.പ്രൌഢയായ ഒരു കുലീനസ്ത്രീയുടെ ഭാവമുള്ള മുഖമായിരുന്നു അവരുടേത്.
പകല്‍ ഉണക്കാനിട്ട ചാണകവറളിയുമെടുത്ത് അവര്‍ വെയ്റ്റിംഗ്‌ഷെഡ്ഡിനരികിലേക്കു നടന്നു.അതിനു സമീപമുള്ള മതിലോടുചേര്‍ന്ന് മൂന്നു കല്ലുകള്‍ കൂട്ടി അടുപ്പുണ്ടാക്കി,ചാണകവറളികൊണ്ട് തീ പിടിപ്പിച്ച്, പെറുക്കിയെടുത്ത പച്ചക്കറിക്കഷണങ്ങള്‍ എല്ലാം കൂടി മണ്‍കലത്തിലിട്ടു വേവിക്കുമ്പോള്‍ ഒരു ലോറി അവിടെ വന്നു നിന്നു.
ഡ്രൈവര്‍ അവരോട് പിറുപിറുത്തു:ഒരു മിനിറ്റ്,വെറും ഒരു മിനിറ്റ്...
വെയ്റ്റിംഗ്‌ഷെഡ്ഡിന്റെ ഭിത്തിയോടു ചേര്‍ത്തുനിര്‍ത്തി അയാള്‍ വീണ്ടും പരുഷമായി പറഞ്ഞു:വെറും ഒരു മിനിറ്റു മതി.അടങ്ങിനില്‍ക്കവിടെ.
ഒരു മിനിറ്റുപോലും എടുത്തില്ല എന്നു തോന്നി.അയാള്‍ വലിച്ചെറിഞ്ഞ പത്തുരൂപയുടെ മുഷിഞ്ഞ നോട്ട് തറയില്‍ അനാഥമായി കിടന്നു.ഒരു മിനിറ്റിന് ഇത്രയും മതിയാകും!
അടുപ്പിലെ തീ ഇതിനകം കെട്ടുകഴിഞ്ഞിരുന്നു.

Friday, November 2, 2007

ജിപ്സി

രോഗാണുക്കള്‍ ജിപ്സികളാണ്.
അലഞ്ഞുനടക്കുന്നതിനിടയില്‍
ഒരു ശരീരത്തുരുത്തില്‍
താവളമടിക്കുന്നു.
താവളം ചെറിയതോതിലെങ്കിലും
നശിപ്പിക്കാനുള്ള അവകാശം
ഏതു ജിപ്സിക്കുമുണ്ട്‌.

സമര്‍പ്പണബാക്കി

തല പത്രത്തിനും
മുടി ക്ഷുരകനും
കണ്ണുകള്‍ നെല്ലാട്ടെ കണ്ണുവൈദ്യനും.

കരള്‍ ആദ്യകാമുകിക്കും
ഹൃദയം ഭാര്യക്കും
ജനനേന്ദ്രിയം ബുദ്ധിമതിയായ ലൈംഗികതൊഴിലാളിക്കും.

കൈകാലുകള്‍ അങ്കക്കളത്തിന്.

അവശിഷ്ടം ഞാന്‍ മാത്രം.
അത് ആര്‍ക്ക്?എവിടെ?

മറവി

നീ എന്താണ് ഓര്‍ക്കുന്നത്?
ഞാനതു മറന്നു.
നീ എന്താണ് മറക്കുന്നത്?
അതും മറന്നു.ഓര്‍ത്തതും മറന്നതും മറന്നു.

ഗോഡൌണ്‍

സുഖവും ദു:ഖവും അനായാസം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയാണ് എന്റെ ശരീരം.
വിപണന സാധ്യതയില്ലാത്തതിനാല്‍ ഇവ ഫാക്ടറിയില്‍ത്തന്നെ കെട്ടിക്കിടക്കുന്നു.
ചീഞ്ഞു നാറുന്നു.
ഉപോത്പന്നങ്ങളായി വേദനകളും അനുഭൂതികളും അസ്വസ്ഥതയും ശാന്തിയും.
എല്ലാം കൂടിക്കിടന്ന് വിഷവാതകം പുറപ്പെടുവിക്കുന്നു.
അതു ശ്വസിച്ച് ഞാന്‍ മരിച്ചു ജീവിക്കുന്നു.

Thursday, November 1, 2007

മുഖം

എല്ലാ മനുഷ്യര്‍ക്കും വ്യത്യസ്തമുഖങ്ങളാണ്.
എന്നാല്‍ എല്ലാ മനു‍ഷ്യാസ്ഥികൂടങ്ങള്‍ക്കും ഒരേ ഛായയാണ്.

കറുപ്പ്

മുടി കറുപ്പിക്കുന്തോറും കറുപ്പ് ഇല്ലാതെയാകുന്നു.

കണ്ണാടി കാണ്മോളവും

ഞാന്‍ ഒരിക്കലും കണ്ണാടിയില്‍ മുഖം നോക്കിയില്ല.കാരണം ലോകത്തിലെ ഏറ്റവും സുന്ദരന്‍ ഞാനാണെന്ന് എനിക്ക് എന്നെ വിശ്വസിപ്പിക്കേണ്ടതുണ്ടായിരുന്നു.
ഞാന്‍ ഒരിക്കലും മുഖം കഴുകിയില്ല.ജലത്തിലെ ഹൈഡ്രജനും ഓക്സിജനും എന്റെ മുഖസൌന്ദര്യം നഷ്ടപ്പെടുത്തുമെന്ന് ഞാന്‍ ഭയന്നു.
വിവാഹശേഷംആദ്യവേഴ്ചയ്ക്ക് തയ്യാറെടുക്കുമ്പോള്‍ അവള്‍,എന്റെ ഭാര്യ ഇത്രമാത്രം പറഞ്ഞു:
“നിങ്ങള്‍ ദയവായി ഒരു തുണിക്കീറുകൊണ്ട്‌ നിങ്ങളുടെ മുഖം മൂടുക.അല്ലെങ്കില്‍ ചിലപ്പോള്‍ ഞാന്‍ ഭയന്നു നിലവിളിച്ചേക്കും.”
അങ്ങനെ ആദ്യമായി ഞാന്‍ എന്റെ മുഖം കണ്ടു.

Wednesday, October 31, 2007

ഉറുമ്പുശല്യം

വീടിനുള്ളിലെ തറയിലാകെ ഉറുമ്പുകള്‍ പെരുകി.ഡി.ഡി.റ്റി.പ്രയോഗത്തിലൊന്നും അവ പിന്മാറിയില്ല.എങ്ങോട്ടു ചവിട്ടിയാലും ഉറുമ്പുകടി.
ലോക്കല്‍കമ്മറ്റി പിരിവുകാര്‍ വന്നു പോയതിനുശേഷം,അത്ഭുതം,ഒറ്റ ഉറുമ്പുപോലും അവശേഷിച്ചില്ല.അവര്‍ തന്ന രസീത് കാറ്റില്‍ പറന്ന് തറയില്‍ പതിച്ചിരുന്നു!

കാലം

കാലം ലക്ഷണമൊത്ത നിത്യഹരിതനായകന്‍.
അന്ധനും ബധിരനും മൂകനുമായതിനാല്‍ സര്‍വ്വസാക്ഷിയല്ല.
അതോ സ്ഥിതപ്രജ്ഞനോ?
മനുഷ്യന്‍ മാതൃകയാക്കേണ്ടത് കാലത്തെയാണ്.
ജീവിക്കുന്ന ശവമായ കാലത്തേക്കാള്‍ ഉചിതമായ മാതൃക മറ്റെന്ത്?

മാറാപ്പ്

മാളികമുകളേറിയില്ല.
എന്നിട്ടും തോളില്‍ മാറാപ്പു വീണു.
ഈശ്വരന്റെ നീതിശാസ്ത്രം
-ദശാസന്ധി.
ഭാഗ്യം,മാറാപ്പിനു ഭാരമുണ്ടായിരുന്നില്ല.

Tuesday, October 30, 2007

സ്കൂള്‍ പ്രവേശനം

എല്ലാവരുമുള്ള,എന്നാല്‍ ആരുമില്ലാത്ത പങ്കജാക്ഷി മകളെ ഒന്നാംക്ലാസില്‍ ചേര്‍ക്കാനായി സ്കൂളിലെത്തി.തുറന്നുവെച്ച രജിസ്റ്ററില്‍നിന്നു മുഖമുയര്‍ത്താതെ ഹെഡ്‌മാസ്റ്റര്‍ ചോദിച്ചു:
“കുട്ടീടെ പേര്?”
“രാധ.സാറിനറിയാലോ.”
“നിങ്ങടെ പേര്?”
“പങ്കജാക്ഷി.സാറിനറിയാലോ.”
“നിങ്ങടെ തൊഴില്‍?”
“അത്........സാറിനറിയാലോ”
ആദ്യം ചോദിക്കേണ്ട ചോദ്യം എന്തുകൊണ്ടോ ഒടുവില്‍ വളരെ പതുക്കെയാണ് ഹെഡ്‌മാസ്റ്റര്‍ ചോദിച്ചത്.
“കുട്ടീടെ അച്ഛന്റെ പേര്?”
പങ്കജാക്ഷി ചിരിച്ചു.
“അതും ഞാന്‍ പറഞ്ഞുതരണോ?!”

ജന്മശിക്ഷ

അയാള്‍ തന്നെയാണ് കൊലപാതകങ്ങളത്രയും ചെയ്തതെന്ന് കോടതിക്കു ബോദ്ധ്യമായ സാഹചര്യത്തില്‍ അയാളെ തൂക്കിക്കൊല്ലുകതന്നെയാണ് വേണ്ടതെന്ന് എല്ലാവരും ഒന്നടങ്കം ആര്‍ത്തുവിളിച്ചു.
എന്നാല്‍ ജഡ്ജി അതിലും വലിയ ശിക്ഷയാണ് തീരുമാനിച്ചത്.
ജഡ്ജി അയാളെ ജീവിക്കാന്‍ വിധിച്ചു.

വില്‍പ്പന

അഭ്യസ്തവിദ്യനും തൊഴില്‍‌രഹിതനുമായ ഞാന്‍ സ്ത്രീവിമോചനപ്രസ്ഥാനക്കാരുടെ സമ്മേളനത്തില്‍ പ്രസംഗിച്ച് മടങ്ങിയെത്തുമ്പോള്‍ വീട്ടില്‍ എന്നെയും കാത്ത് വിപ്ലവസുഹൃത്ത്.
പച്ചവെള്ളത്തിനും പച്ചവര്‍ത്തമാനത്തിനുമിടയ്ക്ക് എന്റെ ദാരിദ്ര്യദു:ഖത്തിനുള്ള പരിഹാരം പരിഹാസരൂപേണ അവന്‍ നിര്‍ദേശിച്ചു.
ഒരു ഊഞ്ഞാലാട്ടത്തിനുശേഷം മനസ്സ് അതംഗീകരിച്ചു.
-സുഹൃത്തെ,നാളെ എന്റെ വിവാഹമാണ്.വധുവിനെ ഞാനറിയില്ല.

Sunday, October 28, 2007

നാടുവിഴുങ്ങിപ്പാമ്പ്

പത്രങ്ങളുടെ തലക്കെട്ടും നാടാകെ സംസാരവിഷയവും ആ പാമ്പിനെക്കുറിച്ചായിരുന്നു.വായില്‍ക്കൂടി ജനതയെയും നാടും വിഴുങ്ങുകയും പിന്നില്‍ക്കൂടി ധനധാന്യാദികള്‍ വിസര്‍ജിക്കുകയും ചെയ്യുന്ന പാമ്പിനെ നാടുവാഴികള്‍ പുറം‌ലോകത്തുനിന്നും താണുവീണുവണങ്ങി ക്ഷണിച്ചുവരുത്തിയതാണ്.

നാടിനെയും നാട്ടാരെയും അപ്പാടെ വിഴുങ്ങിയിട്ടും വിശപ്പടങ്ങാത്ത പാമ്പ് ആസുരശക്തിയോടെ ജൈത്രയാത്ര തുടരുന്നത് നിസ്സഹായതയോടെ പാമ്പിന്റെ വയറ്റില്‍ കിടക്കുന്ന ഞങ്ങള്‍ അറിയുന്നു.

Monday, October 22, 2007

വരുമാനം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇപ്പോള്‍ കൊടുക്കുന്ന തൊഴിലില്ലായ്മവേതനം അല്പമെങ്കിലും കുറച്ചാല്‍ ഒറ്റയടിക്ക് എത്ര കോടി രൂപ ലാഭിക്കാനാവും എന്നു ചിന്തിക്കുന്ന ഒരു സര്‍ക്കാര്‍ എന്നെങ്കിലും ഉണ്ടാ‍കുമോ?

തെളിവ്

നാല്പതാമത്തെ വയസ്സില്‍ അയാള്‍ ജീവിതം അവസാനിപ്പിച്ചു.
പോസ്റ്റുമോര്‍ട്ടം ചെയ്യാതെതന്നെ വിഷം ഉള്ളില്‍ ചെന്നാണ് മരണം സംഭവിച്ചതെന്നു സ്ഥിരീകരിക്കാന്‍ മതിയായ തെളിവ് ശവത്തിനരികില്‍ത്തന്നെ ഉണ്ടായിരുന്നു.
-ഒഴിഞ്ഞ ഒരു കോളക്കുപ്പി.