Tuesday, February 19, 2008

മറവി

മറവി ഒരു മാറാരോഗമായിത്തീര്‍ന്നപ്പോഴാണ് അയാള്‍ അതിനുള്ള മരുന്ന് വാങ്ങിയത്.
പിന്നെ നാളുകള്‍ക്കുശേഷം എന്തിനോ വേണ്ടി അലമാര തുറന്നപ്പോഴാണ് ആ മരുന്നിനെക്കുറിച്ചോര്‍ത്തത്.

അവസ്ഥാന്തരം

ബാല്യം
അരുതുകളരുതുകളെന്നും ചുറ്റും
അതിരുകളായിത്തീരുന്നു.
അതിരുകള്‍ വേറിട്ടറിയാതങ്ങനെ
കരയും കാലമതേ ബാല്യം.
കൌമാരം
അരുതുകളതിരെന്നറിയുന്നു
അതിരുകടക്കാനതിമോഹം.
യൌവ്വനം
അറിയാതതിരുകള്‍ ചാടുന്നു
അറിയാതരുതുകള്‍ ചെയ്യുന്നു
അതിരുകളരുതെന്നറിയുന്നു
അതിരുകളില്ലാതാകുന്നു.
വാര്‍ദ്ധക്യം
അരുതുകളരുതുകളെന്നും ചുറ്റും
അതിരുകളായിത്തീരുന്നു.
അതിരുകള്‍ വേറിട്ടറിയുന്നു
കരയാന്‍‌മാത്രം കഴിയുന്നു.

Sunday, February 3, 2008

ഇടവേള

എന്തുകൊണ്ടാണ് ഈ ഇടവേളയെന്ന് എനിക്കറിയില്ല.ഒരുപാടുണ്ട്‌ പറയാന്‍.കഴിയുന്നില്ല.കാത്തിരിക്കുകയാണ്.

Monday, December 10, 2007

കുപ്പായം

കുട്ടിക്കാലത്ത്
അച്ഛന്റെ ഷര്‍ട്ടിടാന്‍
കൊതിയായിരുന്നു.
അതിടുമ്പോള്‍
എല്ലാവരും പറയും
നിനക്കിതു ളോഹയെന്ന്.
അങ്ങനെ
പള്ളീലച്ചന്‍കളി തുടങ്ങി.
ചേച്ചിയും വത്സയും മോളിയുമൊക്കെ വന്ന്
കൈ മുത്തി.
അവരുടെ നിറുകയില്‍
കുരിശു വരച്ചു.
ആരും എന്റെ തലയില്‍
കുരിശടയാളമിട്ടില്ല.
ഇപ്പോള്‍
വൃദ്ധനായ അച്ഛന്
എന്റെ ഷര്‍ട്ട് ളോഹ.
പക്ഷെ അച്ഛന്‍ അച്ചനായില്ല.
വാര്‍ദ്ധക്യവേദനകളുടെ മേല്‍
എന്റെ ഷര്‍ട്ടണിഞ്ഞ്
അച്ഛന്‍ തണുപ്പിനെ അതിജീവിക്കുന്നു.
ഞാനോ
ഉഷ്ണത്തില്‍നിന്നും രക്ഷ നേടാന്‍
കുപ്പായങ്ങളൂരിക്കൊണ്ടേയിരിക്കുന്നു.

Saturday, December 8, 2007

കരള്‍

കുട്ടികള്‍ പന്തുതട്ടി കളിക്കും‌പോലെ
അവരെന്റെ കരളെടുത്തമ്മാനമാടി
ആദ്യകൌതുകം അസ്തമിച്ചപ്പോള്‍
പന്തുപേക്ഷിച്ച് കുട്ടികള്‍ പോയതുപോലെ അവരും.
മണ്ണില്‍ പൊടിമൂടി ഉപേക്ഷിക്കപ്പെട്ട പന്ത്.
പൊടിയും മണ്ണും അഴുക്കും കഴുകി തുടച്ചു
മിനുക്കിയെടുത്ത് ഇനി കൈമോശം വരാതെ ശ്രദ്ധിച്ച്
ഞാനെന്റെ കരള്‍ തിരികെ വെച്ചു.
ഒരുനാള്‍ വഴിയോരത്ത് എന്റെ കരള്‍
സുരക്ഷിതമായി സൂക്ഷിക്കാമെന്നേറ്റ ഒരു സുഹൃത്തിനെ
ഞാന്‍ കണ്ടെത്തി.
അങ്ങനെയൊരാള്‍ എന്റെ കരള്‍ സൂക്ഷിക്കേണ്ടത്
ഏറെ ആവശ്യമായിരുന്നു.
ആ കൈകളില്‍ അതു ഭദ്രമാണെന്ന് എനിക്കുറപ്പുണ്ട്.
മൂന്നാംനാള്‍ ചോര കിനിയുന്ന കരള്‍
തിരിച്ചുതന്നുകൊണ്ട് സുഹൃത്ത് പറഞ്ഞു:
നിന്റെ കരളാകെ ഭൂതകാലത്തിന്റെ അഴുക്കുകളാണ്
ഭൂതക്കറ പുരളാത്ത ഒരു കരളാണ് എനിക്കു വേണ്ടത്.
ചോരയില്‍ കുതിര്‍ന്ന കരളെടുത്ത് ഞാന്‍
ശൂന്യതയിലേക്ക് ആയംകൂട്ടി എറിഞ്ഞു.
കരളില്ലാത്തവനായി.

Thursday, December 6, 2007

കണ്ണുകള്‍

നട്ടുച്ചക്ക്
ഇരുചക്രവാഹനമോടിച്ചുവന്ന യുവാവിന്
പെട്ടെന്നു കാഴ്ച നഷ്ടമായി.
ദിശമാറിയോടിയ വണ്ടി
ഒരു വൃദ്ധനെ ഇടിച്ചുവീഴ്ത്തി.
വീഴ്ചയില്‍നിന്നുയിര്‍ത്ത വൃദ്ധന്‍
ആള്‍ബലം കൂട്ടി
അന്ധയുവാവിനെ
അടിച്ചുകൊന്നു.
മരണത്തിന്റെ തൊട്ടുമുമ്പുപോലും
എന്താണു സംഭവിക്കുന്നതെന്ന്
യുവാവിനറിയില്ലായിരുന്നു.
അപകടമരണമെന്ന്
വിധിയെഴുത്തുണ്ടായി.
അപ്പോഴും
ഉച്ചയൂണിനു വരുന്ന
യുവാവിനെ കാത്ത്
വീട്ടില്‍
രണ്ടു കണ്ണുകള്‍ ബാക്കിയായി.

Friday, November 30, 2007

തിരച്ചില്‍

ഇരിപ്പിടമില്ലാത്തോന്‍
‍കസേര അന്വേഷിക്കുന്നു.
കിടപ്പാടമില്ലാത്തോന്‍
‍പാര്‍പ്പിടമന്വേഷിക്കുന്നു.
പെണ്ണില്ലാത്തോന്‍ പെണ്ണും
മണ്ണില്ലാത്തോന്‍ മണ്ണും
തിരയുന്നു.
ജീവിതമില്ലാത്തോന്‍
‍ജീവിതം തിരയുന്നതുപോലെ.