Friday, September 18, 2009

രണ്ടു കാമചാരികള്‍

ഒന്ന്

പെട്ടെന്ന് ഹേമ വല്ലാത്തൊരു അവസ്ഥയിലേക്കുകുത്തനെ പതിച്ചു.മഹേഷുമായി ഇണചേരാനുള്ള തീരാത്ത കൊതിയില്‍ കാമവിവശയായി അവള്‍ ഉരുകി.ഭര്‍ത്താവിന് വെളുപ്പിനെ പോകേണ്ടി വന്നതിനാലാണ് പതിവിലും നേരത്തെ അവള്‍ ഉണര്‍ന്നത്.നെത്സണ്‍ മണ്ഡേല റോഡിലുള്ള ഒരു വസതിയിലും അപ്പോള്‍വിളക്കുകള്‍ തെളിഞ്ഞിരുന്നില്ല.പ്രഭാത സവാരിക്കാര്‍ മാത്രം നടക്കാനിറങ്ങിയിരുന്നു.

അവള്‍ തനിച്ചായപ്പോഴാണ് പെട്ടെന്ന് മഹേഷിന്റെ രൂപം മനസ്സിലേക്ക് ആര്‍ത്തി പിടിച്ചെത്തിയത്.

എന്നും രാത്രി ഉറങ്ങുന്നതിനു മുന്‍പ് അവള്‍ നൂറാവര്‍ത്തി മഹേഷിന്റെ നാമം മന്ത്രിച്ച് രൂപം ആവാഹിച്ചെടുക്കും.അതുമാത്രം മനസ്സില്‍ നിര്‍ത്തി സങ്കല്പരതിയില്‍ അഭിരമിക്കുമ്പോഴായിരിക്കും ചിലപ്പോള്‍അപ്രതീക്ഷിതമായി ഭര്‍ത്താവിന്റെ കടന്നാക്രമണം.എതിര്‍പ്പുകളൊന്നും പ്രകടിപ്പിക്കാതെ പൂര്‍ണവിധേയത്വത്തില്‍കിടന്നുകൊടുക്കുമ്പോഴും വിയര്‍ത്തുകിതച്ച് അയാളുറങ്ങുമ്പോഴും അവളുടെ മനസ്സിലെ ആവാഹനരൂപത്തിന് മാറ്റം വരാറില്ല.

മഹേഷിനെക്കുറിച്ച് എല്ലാംതന്നെ അവള്‍ അറിഞ്ഞുവെച്ചിരിക്കുന്നു.ജങ്ഷനില്‍ എസ്.ടി.ഡി.ബൂത്തും ഡി.ടി.പി.സെന്ററും നടത്തുന്ന മഹേഷ് നെത്സണ്‍ മണ്ഡേല റോഡിലെ ആറു വീടുകള്‍ക്കപ്പുറത്ത് ഒന്‍പതാം നമ്പര്‍വീടുവാങ്ങി താമസം തുടങ്ങിയിട്ട് രണ്ടുവര്ഷം കഴിഞ്ഞിരിക്കുന്നു.ഗൃഹപ്രവേശത്തിനു ക്ഷണിക്കാന്‍ അയാള്‍ഭാര്യയോടൊപ്പം വന്നപ്പോഴാണ് ആദ്യമായി സംസാരിക്കുന്നത്.അതിനുമുമ്പ് മഹാത്മാഗാന്ധി റോഡിലെ ഏതോ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്നു അവര്‍.

ഇവിടെ വന്നതിനുശേഷമാണ് അയാളെ ശ്രദ്ധിക്കാന്‍തുടങ്ങിയത്.കോളേജിലേക്കു പോകുമ്പോഴും മടങ്ങുമ്പോഴുമൊക്കെ അയാള്‍ അഭിമുഖമായി ചുവന്ന ബൈക്കില്‍ കടന്നുപോകാറുണ്ട്.ചിലപ്പോള്‍ ഒറ്റയ്ക്ക്,ചിലപ്പോള്‍ ഭാര്യയോടൊപ്പം.എപ്പോഴായാലും ബൈക്കുനിര്‍ത്തി എന്തെങ്കിലും സംസാരിക്കും.ഒറ്റയ്ക്കായിരിക്കുമ്പോള്‍ചിലപ്പോഴൊക്കെ ലിഫ്റ്റു തന്നിട്ടുമുണ്ട്.

എടുത്തുപറയത്തക്ക യാതൊരു പ്രത്യേകതകളുമില്ലാത്ത,സുമുഖന്‍ എന്നുപോലും പറയാനാവാത്ത മഹേഷില്‍എന്താകര്‍ഷണമാണ് തനിക്കു തോന്നുന്നതെന്ന് ഹേമയ്ക്ക് എത്ര ചിന്തിച്ചിട്ടും മനസിലായില്ല.അയാളെ കാണുമ്പോള്‍‍, ശബ്ദം കേള്‍ക്കുമ്പോള്‍‍,ഉടലാകെ ഒരുതരം തരിപ്പുപടരുന്നു.അരക്കെട്ടില്‍ഒരു കാവടിയാട്ടം.പാന്റീസില്ഒരു നനവ്.

മറ്റൊരു പുരുഷനോടും ഇന്നുവരെ തോന്നിയിട്ടില്ലാത്ത ആസക്തിയാണിത്.ഹേമ സ്വയം പറഞ്ഞു:എനിക്കയാളെ ഒരിക്കലെങ്കിലും അനുഭവിക്കണം.അല്ലാതെ ശരീരം അടങ്ങില്ല.



ഇന്നലെ ബസ്റ്റോപ്പില്‍ വെച്ച് അയാളുടെ ഭാര്യയെ കണ്ടു.ലോഹ്യം പറച്ചിലിനിടയില്‍ അച്ഛന്റെ അസുഖം പ്രമാണിച്ച് രണ്ടുദിവസം അച്ഛനോടൊത്തു ചിലവഴിക്കാന്‍ സ്വന്തം വീട്ടിലേക്കു പോവുകയാണെന്നും രണ്ടു ദിവസത്തേക്കുള്ള മഹേഷിന്റെ ആഹാരം ഫ്രിഡ്ജില്‍ വെച്ചിട്ടുണ്ടെന്നും ഹേമ മനസിലാക്കി.



അപ്പോള്‍ നിമിഷം മഹേഷ് അയാളുടെ വീട്ടില്‍ തനിച്ചാണ്.അവളുടെ ഓരോ അണുവും അയാള്‍ക്കുവേണ്ടി ചുട്ടുപൊള്ളി.



കതകുപൂട്ടി ഗേറ്റുതുറന്ന് അവള്‍നെത്സണ്‍ മണ്ഡേല റോഡിലേക്കിറങ്ങി ഒന്പതാം നമ്പര്‍ വീട് ലക്ഷ്യമാക്കി നടന്നു.



രണ്ട്



കടുത്ത ഏകാന്തതയുടെ ഒരു രാത്രിക്കു ശേഷം പുലര്‍ച്ചെ ഉണര്‍ന്നെഴുന്നേറ്റ മഹേഷ് വാതില്‍ തുറന്ന് മുറ്റത്തിറങ്ങി.അരണ്ട വെളിച്ചവും നേര്‍ത്ത തണുപ്പുമുണ്ട്.മുറ്റത്തു കിടക്കുന്ന പത്രമെടുക്കാനായി ഗേറ്റിനു സമീപത്തേക്കു നടക്കുമ്പോഴാണ് പച്ച മാരുതിയില്‍ഹേമയുടെ ഭര്‍ത്താവ് സ്വയം ഡ്രൈവു ചെയ്തു പോകുന്നതു കണ്ടത്.പെട്ടെന്ന് ഒരൊറ്റനിമിഷം കൊണ്ട് അയാളുടെ ഉടലില്ഒരു മിന്നലാട്ടം പടര്‍ന്നു.



നെത്സണ്‍ മണ്ഡേല റോഡിലെ മൂന്നാംനമ്പര്‍ വീട്ടില്‍ ഇപ്പോള്‍ഹേമ ഒറ്റയ്ക്കാണെന്ന ബോധം അയാളുടെ സര്‍വ്വാംഗങ്ങളെയും കോരിത്തരിപ്പിച്ചു.പതിവുപോലെ ഇന്നലെ രാത്രിയിലും ഉറങ്ങുന്നതിനു മുമ്പ് നൂറാവര്‍ത്തി ഹേമയുടെ പേരുരുവിട്ട് രൂപം ആവാഹിച്ചതാണ്. വീട്ടില്‍ ഭാര്യയില്ലാതുറങ്ങുന്ന ആദ്യരാത്രിയായിരുന്നു അത്.അയാള്‍തനിച്ചായ രാത്രിയില്‍ ആര്‍ത്തി പിടിച്ച് മനസിലേക്കെത്തിയ ഹേമ അവിടെ ഇരിപ്പുറപ്പിച്ചു.



എന്നും രാത്രി ഉറങ്ങുന്നതിനു മുമ്പ് അയാള്‍ ഹേമയുടെ നാമം നൂറാവര്ത്തി മന്ത്രിച്ച് രൂപത്തെ ധ്യാനിച്ചാവാഹിക്കും.അതുമാത്രം മനസില്‍ നിര്‍ത്തി സങ്കല്പരതിയില്‍ അഭിരമിക്കുമ്പോഴായിരിക്കും ചിലപ്പോള്‍അപ്രതീക്ഷിതമായി ഭാര്യയുടെ പടര്‍ന്നുകയറല്‍‍.എതിര്‍പ്പുകളൊന്നും പ്രകടിപ്പിക്കാതെ പൂര്‍ണമായി സഹകരിക്കുമ്പോഴും വിയര്‍ത്തുകിതച്ച് അവളുറങ്ങുമ്പോഴും അയാളുടെ മനസിലെ ആവാഹനരൂപത്തിനു മാറ്റം വരാറില്ല.

ഹേമയെക്കുറിച്ചെല്ലാംതന്നെ അയാള്‍ അറിഞ്ഞുവെച്ചിരിക്കുന്നു.വിമണ്‍സ് കോളേജിലെ അദ്ധ്യാപികയായ ഹേമയെ എസ്.ടി.ഡി.ബൂത്തിലിരുന്ന് പലപ്പോഴും കണ്ടിട്ടുണ്ട്.ഭംഗിയായുടുത്ത സാരിയുടെ ഞൊറിവുകളാണ് ആദ്യം കണ്ണില്‍ പെട്ടത്.മഹാത്മാഗാന്ധിറോഡിലെ വസതിയില്‍ വാടകയ്ക്കു താമസിക്കുന്ന നാളുകള്‍ മുതലേ ശ്രദ്ധിച്ചുതുടങ്ങിയതാണ്.പിന്നീട് നെത്സണ്‍മണ്ഡേല റോഡില്‍വീടു വാങ്ങി താമസം തുടങ്ങിയ ശേഷമാണ് അതേ റോഡില്‍തന്നെയാണ് അവളും താമസിക്കുന്നതെന്നറിഞ്ഞത്.ഗൃഹപ്രവേശത്തിന് ഹേമയെയും ഭര്‍ത്താവിനെയും ക്ഷണിച്ചിരുന്നു.അന്നാണ് ആദ്യമായി സംസാരിക്കുന്നത്.

പലപ്പോഴും വഴിയില്‍വെച്ച് അവളെ അഭിമുഖീകരിക്കാറുണ്ട്.ഒറ്റയ്ക്കു ബൈക്കില്‍ പോകുമ്പോള്‍ചിലപ്പോഴൊക്കെ ലിഫ്റ്റുകൊടുത്തിട്ടുമുണ്ട്.

എടുത്തുപറയത്തക്ക യാതൊരു പ്രത്യേകതകളുമില്ലാത്ത സുമുഖി എന്നുപോലും പറയാനാവാത്ത ഹേമയില്‍എന്താകര്‍ഷണമാണ് തനിക്കു തോന്നുന്നതെന്ന് മഹേഷിന് എത്ര ചിന്തിച്ചിട്ടും മനസിലായില്ല.അവളെ കാണുമ്പോള്‍‍, ശബ്ദം കേള്‍ക്കുമ്പോള്‍‍,ഉടലാകെ ഒരുതരം തരിപ്പു പടരുന്നു.അരക്കെട്ടില്‍ഒരു കാവടിയാട്ടം.ഉടല്‍മദ്ധ്യത്തില്‍ഒരനക്കം.

മറ്റൊരു സ്ത്രീയോടും ഇന്നുവരെ തോന്നിയിട്ടില്ലാത്ത ആസക്തിയാണിത്.മഹേഷ് സ്വയം പറഞ്ഞു:എനിക്കവളെ ഒരിക്കലെങ്കിലും അനുഭവിക്കണം.അല്ലാതെ ശരീരം അടങ്ങില്ല.

പുലര്‍ച്ചെ പച്ച മാരുതിയില്‍അവളുടെ ഭര്‍ത്താവ് പോകുന്നതു കണ്ടപ്പോള്‍ഇന്കംടാക്സ് ഓഫീസറായ അയാള്‍ഏതോ ആവശ്യത്തിനു ദൂരെയെവിടെയോ പോവുകയാണെന്നും ഉടനെ തിരിച്ചെത്താന്‍ സാദ്ധ്യതയില്ലെന്നും മഹേഷ് മനസിലാക്കി.

അപ്പോള്‍ നിമിഷം ഹേമ അവളുടെ വീട്ടില്‍ തനിച്ചാണ്.അയാളുടെ ഓരോ അണുവും അവള്‍ക്കുവേണ്ടി ചുട്ടുപൊള്ളി.പെട്ടെന്ന് വല്ലാത്തൊരു അവസ്ഥയിലേക്ക് മഹേഷ് കുത്തനെ പതിച്ചു.ഹേമയുമായി ഇണചേരാനുള്ള തീരാത്ത കൊതിയില്‍കാമവിവശനായി അയാള്‍ ഉരുകി.

കതകുപൂട്ടി ഗേറ്റുതുറന്ന് അയാള്‍നെത്സണ്‍മണ്ഡേല റോഡിലേക്കിറങ്ങി മൂന്നാം നമ്പര്‍വീട് ലക്ഷ്യമാക്കി നടന്നു.

മൂന്ന്

ഒന്പതാംനമ്പര്‍ വീടിനെ ലക്ഷ്യമാക്കി നടക്കുന്ന ഹേമയും മൂന്നാം നമ്പര്‍ വീടിനെ ലക്ഷ്യമാക്കി നടക്കുന്ന മഹേഷും നെത്സണ്‍മണ്ഡേല റോഡില്‍ ഇടയ്ക്കുവച്ച് കണ്ടുമുട്ടി.

അടുത്തെത്തിയപ്പോള്‍ അയാള്ചോദിക്കാതെതന്നെ അവള്‍ പറഞ്ഞു:

പാലിതുവരെ കണ്ടില്ല.അതുനോക്കി റോഡിലേക്കിറങ്ങിയതാണ്.”

അയാള്‍ വിഷമിച്ച് ചിരിച്ചു.എന്നിട്ട് അവള്‍ചോദിക്കാതെതന്നെ അയാള്‍ പറഞ്ഞു:“ഞാനും.”

അപ്പോള്‍അവളും അതേ ചിരി ചിരിച്ചു.

ഇരുവരുടേയും മുമ്പില്‍കറുത്ത നെടുങ്കന്‍പാമ്പിനെപ്പോലെ നെത്സണ്‍ മണ്ഡേല റോഡ് നീണ്ടുകിടന്നു.



************************************************************************************







3 comments:

കുമാരന്‍ | kumaran said...

കൊള്ളാം. കേട്ടൊ.. സൂപ്പർ കഥ.

:: VM :: said...

Kollaam :) Ennittu vallom nadanno?

സുരേഷ് ഐക്കര said...

കുമാരനും ഇടിവാളിനും നന്ദി.