Wednesday, November 3, 2010
ചവറുകൂനകൾ
Thursday, October 28, 2010
കേന്ദ്രസഹായം
കാലവർഷത്തോണിയിൽ വന്നിറങ്ങിയ
സംഘത്തിന് സ്വാഗതം!
വേനൽവിമാനത്തിൽ പറന്നിറങ്ങി
വർഷദുരന്തം പഠിച്ചുപോയവർക്കും നന്ദി!
ഇനിമേൽ വർഷവും വേനലും
വരാതിരിക്കാനുള്ള ഏർപ്പാടുകൾ ചെയ്തുകഴിഞ്ഞതായി
മാധ്യമക്കോളാമ്പികൾ!!
ആൺമുഖം
കൊണ്ടായിരുന്നു ശ്രമം.
വെള്ളം നനച്ച് ഉമിക്കരിയും
പരീക്ഷിച്ചു.
അച്ഛന്റെ ടോപാസുകൊണ്ടും
വരഞ്ഞു കുറെക്കാലം.
ഒന്നിനും ഈ പെൺമുഖത്തെ
രക്ഷിക്കാനായില്ല!
സായന്തനം(തിരക്കഥ)
1
റോഡിലൂടെ നടന്നുവരുന്ന വൃദ്ധനായ അച്യുതൻ നായരും യൂണിഫോമിട്ട കൊച്ചുകുട്ടി അമ്മുവും.അവളുടെ ഭാരമേറിയ സ്കൂൾബാഗ് അയാൾ തൂക്കിപ്പിടിച്ചിട്ടുണ്ട്.
വീടെത്താറായതിന്റെ സന്തോഷത്താൽ അമ്മു അയാളുടെ കൈ വിടുവിച്ച് ഓടുന്നു.സിറ്റ്‌ഔട്ടിൽ കയറിനിന്ന് തിരിഞ്ഞുനോക്കി തുള്ളിച്ചാടിക്കൊണ്ട് അമ്മു:
അമ്മു:ഇന്നും അപ്പൂപ്പനെ തോപ്പിച്ചേ...........
അച്യുതൻ നായർ മന്ദഹസിക്കുന്നു.
അമ്മു:ഈ അപ്പൂപ്പനൊട്ടും സ്പീഡില്ല.
അയാൾ ബാഗ് താഴെ വെച്ച് പോക്കറ്റിൽനിന്നും താക്കോലെടുത്ത് കതകു തുറക്കുന്നു.അമ്മു ആദ്യം അകത്തേക്ക്.
2
അടുക്കളയിൽനിന്നും പലഹാരങ്ങളെടുത്ത് ഡൈനിംഗ്‌ടേബിളിൽ കൊണ്ടുവന്നുവെയ്ക്കുന്ന അച്യുതൻ നായർ.
ഒരു കോമിക് ബുക്കുമായി കഴിക്കാനിരിക്കുന്ന അമ്മു.
സമീപം മറ്റൊരു കസേരയിൽ വന്നിരിക്കുന്ന അയാൾ അവളെ നോക്കുന്നു.
അച്യുതൻ നായർ:കഴിക്കുമോളേ.അച്ഛനുമമ്മേം വരാറായി.
അമ്മു:(അലക്ഷ്യമായി)അവര് ഫൈവ് തേർട്ടിക്കല്ലേ വരൂ.
വീണ്ടും പുസ്തകത്തിലേക്കു ശ്രദ്ധിച്ച് യാന്ത്രികമായി ഭക്ഷണം കഴിക്കുന്ന അമ്മു.
3
വീട്ടിനകത്തേക്ക് കയറി വരുന്ന സുധാകരനും ശ്യാമളയും.ഓഫീസിൽനിന്നും വരുന്ന വേഷവിധാനങ്ങൾ.
ടി.വി.യിലെ കാർട്ടൂൺ കണ്ടിരിക്കുന്ന അമ്മുവിന്റെ കയ്യിൽനിന്നും ദേഷ്യത്തിൽ റിമോട്ട് പിടിച്ചു വാങ്ങുന്ന ശ്യാമള.
ശ്യാമള:(ദേഷ്യത്തോടെ)ഹോംവർക്ക് ചെയ്യാനുള്ള നേരത്ത് ഓരോ കോപ്രായം കണ്ടോണ്ടിരുന്നോളും(തിരിഞ്ഞ് സെറ്റിയിലിരിക്കുന്ന അച്യുതൻനായരെ നോക്കി കുറ്റപ്പെടുത്തും മട്ടിൽ)അച്ഛനൊരു ശ്രദ്ധേമില്ല.
അച്യു.നായർ:അവളിച്ചിര വിശ്രമിക്കട്ടെ ശ്യാമളേ.
ശ്യാമള:നന്നായി.അച്ഛന്റെ കാലമൊന്നുമല്ല ഇത് കളിച്ചു നടക്കാൻ.
അച്യുതൻ നായർ മുഖം താഴ്ത്തുന്നു.
ഇതൊന്നും തന്നെ ബാധിക്കുന്നതല്ലെന്ന മട്ടിൽ സുധാകരൻ അകത്തേക്ക്.
4
ഡൈനിംഗ് ടേബിളിലിരിക്കുന്ന ഫ്ലാസ്കിൽനിന്ന് കപ്പിലേക്ക് ചായ പകരുന്ന സുധാകരൻ.സമീപം ശ്യാമളയുമുണ്ട്.ഇരുവരും വേഷം മാറിയിരിക്കുന്നു.
ചായ മൊത്തുന്ന സുധാകരന്റെ മുഖത്ത് ദേഷ്യഭാവം.
സുധാകരൻ:കടുപ്പോമില്ല,മധുരോമില്ല.
ശ്യാമള:(നീരസത്തോടെ)എത്ര പറഞ്ഞാലും അച്ഛനു മനസിലാവില്ലെന്നുവെച്ചാൽ....
നിസ്സഹായനായ അച്യുതൻ നായരുടെ മുഖം.
5
രാത്രി.
സിറ്റ്‌ഔട്ടിലെ ചാരുകസേരയിൽ കിടക്കുന്ന അച്യുതൻ നായർ കാലു തടവുന്നു.നല്ല വേദനയുണ്ടെന്ന മുഖഭാവം.
അവിടേക്കു വരുന്ന ശ്യാമള.
ശ്യാമള:അച്ഛനൊന്നു മെഡിക്കൽസ്റ്റോറുവരെ പോണം.സുധേട്ടന് വല്ലാത്ത തലവേദന.ടാബ്‌ലറ്റ്സ് മേടിക്കാൻ മറന്നു.
അച്യുതൻ നായർ വയ്യാതെ എണീൽക്കുന്നു.
ശ്യാമള:(മൂക്കുപൊത്തി അസഹ്യതയോടെ)ഇന്നും അച്ഛനിവിടെങ്ങും നോക്കിയില്ലേ?എത്ര ദിവസമായി ഞാൻ പറേന്നതാ.ഈ നാറ്റം സഹിക്കാൻ വയ്യാണ്ടായി.
അച്യു.നായർ:ഇന്നു ഞാനെല്ലാടോം അടിച്ചുവാരി നോക്കിയതാ.ഒന്നും കണ്ടില്ല.
അകത്തുനിന്നും അമ്മുവിന്റെ ശബ്ദം:
ശബ്ദം:എനിക്കു നാറ്റമൊന്നുമില്ലല്ലോ.അച്ഛനുമമ്മയ്ക്കും മാത്രമൊരു നാറ്റം!
ശ്യാമള:പടിക്കുമ്പളും മറ്റുള്ളോരു വായനക്കുന്നെടത്താ അവടെ ശ്രദ്ധ.മിണ്ടാതിരുന്നു പടിക്കെടീ.
അച്യു.നായർ:എനിക്കും ദുർഗന്ധമൊന്നും തോന്നുന്നില്ല മോളേ.
ശ്യാമള:ജലദോഷമല്ലേ,മൂക്കടച്ചതോണ്ടാരിക്കും.
കയ്യിലെ കുറിപ്പും പണവും ശ്യാമള അച്ഛനു കൊടുക്കുന്നു.അരമതിലിൽ ഇരുന്ന ടോർച്ചെടുത്ത് അച്യുതൻ നായർ മുറ്റത്തേക്കിറങ്ങുന്നു.
6
ഇരുൾ വീണ വഴിത്താരയിലൂടെ അകന്നു പോകുന്ന ടോർച്ചുവെളിച്ചം.കത്തുകയും കെടുകയും ചെയ്യുന്ന വെട്ടം.ഇരുളും വെളിച്ചവും മാറി മാറി കാണാം.
7
അകത്തേക്കു കയറി വരുന്ന അച്യുതൻ നായർ മരുന്നും ബാക്കി ചില്ലറയും ശ്യാമളയെ ഏല്പിച്ച് തിരിഞ്ഞു നടക്കുന്നു.
അകത്തുനിന്ന് സുധാകരന്റെ ശബ്ദം:
ശബ്ദം:ദാ ഇപ്പം പിന്നേം തൊടങ്ങി ആ നാറ്റം.
ശ്യാമള:ശരിയാ.ഇത്രേം നേരമില്ലാരുന്നു.ഇതെന്തൊരു കൂത്താണോ എന്തോ!
അച്യുതൻ നായരുടെ മുഖം.
പഠനമുറിയിൽനിന്നും അമ്മു വിളിച്ചു പറയുന്നു:
ശബ്ദം:എനിക്കിപ്പളും തോന്നുന്നില്ലല്ലോ അമ്മേ.
ശ്യാമള:നിന്നോടാരെങ്കിലും ചോദിച്ചോ?അവിടിരുന്നു പടിക്കെടീ.
വിവർണമാകുന്ന അച്യുതൻ നായരുടെ മുഖം.ആഴമേറിയ വിഷാദത്താൽ ആ മുഖം ദയനീയമാകുന്നു.ക്രമേണ എന്തോ തീരുമാനിച്ചുറച്ച ഭാവം കൈവരുന്നു.
അച്യു.നായർ:ശരിയാ മോളേ,എനിക്കും തോന്നുന്നുണ്ട് ആ നാറ്റം..സാരമില്ല,ഞാനതു മാറ്റിത്തരാം.
8
രാത്രി.
ഇരുട്ടിന്റെ പ്രളയം.
അച്യുതൻ നായർ ശബ്ദമുണ്ടാക്കാതെ കിടക്കയിൽ നിന്നും എഴുന്നേറ്റ് സാവധാനം നടന്ന് വാതിൽ തുറന്ന് സിറ്റ്‌ഔട്ടിലേക്കിറങ്ങുന്നു.
ഒരു നിമിഷം തിരിച്ചുവന്ന് ശബ്ദമുണ്ടാക്കാതെ ശ്രദ്ധിച്ച് വാതിൽ പുറത്തുനിന്നും അടയ്ക്കുന്നു.
പിന്നെ,തിരിഞ്ഞുനോക്കാതെ കനത്ത ഇരുട്ടിലേക്ക് അയാൾ ഇറങ്ങുന്നു.
അയാളുടെ മുമ്പിൽ ഇരുട്ടിന്റെ വഴിത്താര.രാപ്രാണികളുടെ നിലയ്ക്കാത്ത കലമ്പൽ.
ഇരുളിന്റെ മഹാസമുദ്രത്തിൽ ലയിക്കുന്ന അച്യുതൻ നായർ.
............................................................................................................................